Monday, 18 May 2020

കാട് പറഞ്ഞത്.

ഒന്ന്.
ക്ഷണക്കത്ത്

"ക്ഷണിക്കപ്പെട്ടു ഒരു ഭൂപ്രദേശത്തേക്കു എത്തുമ്പോൾ പകൽ വെളിച്ചം കൂടെ ഉണ്ടാവണം"
കാടിന്‍റെ നിയമം

തേനിയുറമ്പിന്  ബോധം തെളിഞ്ഞപ്പോള്‍, ഇന്നലെ ബോധംപ്പോയിക്കിടന്ന സ്ഥലവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പരിസരം മുന്നിൽ തെളിഞ്ഞു തെളിഞ്ഞു വരുന്നു.. തല ശക്തിയായി കുലുക്കി ഒന്നൂടെ നോക്കിയപ്പോള്‍ ഉറപ്പായി..ഇത് മറ്റേതോ സ്ഥലം തന്നെ.ആദ്യം വിചാരിച്ചത്  ശക്തമായ കാറ്റ് വീശുന്ന പാറപ്പുറമാണെന്നാണ് .പിന്നെ മനസിലായി, അത് കിഴക്കോട്ടു നടക്കുന്ന ഏതോ ഒരു ആനയുടെ പുറമാണെന്ന്.

കുറിഞ്ഞിമല കാട്ടിലെ സൈന്യത്തില്‍ നിന്ന് വിരമിച്ച ആളാണ്‌ ഒറ്റകൊമ്പൻ എന്ന ആന ,പല പല യുദ്ധങ്ങള്‍ക്കും പങ്കെടുത്തിരുന്നു. അങ്ങനെയാണ്  ഒരു കൊമ്പ് നഷ്ടമായതും  കരിയൻ എന്ന പേരു മാറി ഒറ്റകൊമ്പൻ എന്നാ പേര് വന്നതും,ടീയാൻ  ഇപ്പോള്‍ തേനിയുറുംമ്പിനൊപ്പം ഒരു അന്വേഷണ ഏജന്‍സി  നടത്തുകയാണ്. "നേരുകാട്ടി" അന്വേഷണ ഏജൻസി എന്ന പേര് പേരിനുമാത്രമായിരുന്നു .രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് മോഷണ കേസുകള്‍ മാത്രമാണ്  അവര്‍ക്ക് കിട്ടിയിരുന്നത്,അവ മൂന്നും അത്ര പ്രസിദ്ധിയാര്‍ജിച്ച സംഭവം ഒന്നും അല്ലാതിരുന്നതിനാല്‍ കേസ് തെളിഞ്ഞത് ഒന്നും  ആരും കാട്ടില്‍ പരക്കെ അറിഞ്ഞിരുന്നില്ല,എന്തെങ്കിലും കേസുകൾ വരും എന്ന പ്രതീക്ഷയിൽ ഒറ്റകൊമ്പൻ ആവേശത്തോടെ കാത്തിരുന്നു.

നാളുകള്‍ മുന്നോട്ടുപോകുംതോറും  കേസുകളൊന്നും തന്നെ തേടി വരാനില്ലാ എന്ന ഉറപ്പു ഒറ്റക്കൊമ്പനിലെ ആവേശത്തെ ഇല്ലാതെയാക്കി. അതുകൊണ്ടുതന്നെ  ഒറ്റക്കൊമ്പന്‍ ഇപ്പോള്‍ ഉച്ചയുറക്കം ശീലമാക്കിയിരുന്നു. ധാരാളം കേസുകൾ സ്വപ്നം കണ്ടുള്ള സുന്ദരമായ ഉറക്കം.എന്നാൽ ഇന്ന് ഉച്ചയുറക്കം ഉണര്‍ന്നു ഒറ്റകൊമ്പൻ കണ്ടത് പിന്നീട് കുറച്ചു നാളത്തേക്ക് ഉച്ചയുറക്കം അവസാനിപ്പിക്കുന്ന ഒരു കാഴ്ചയാണ്.പോസ്റ്റ്‌മാന്‍ പ്രാവ് അടിത്തിരുന്നു ഉറങ്ങുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു കത്തുമായി വന്നു കാത്തിരുന്നു കുറുകി ഉറങ്ങിപ്പോയതാണ്‌ അവൻ.

പോസ്റ്റ്‌മാന്‍ പ്രാവ് കൊണ്ടുവന്ന കത്ത് രണ്ടു തവണയാണ്  ഒറ്റക്കൊമ്പൻ വായിച്ചു തീര്‍ത്തത്,അതിനു  രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു,

ഒന്ന്, ഒരു കൊലപാതകം അന്വേഷിക്കാന്‍ ഉള്ള ക്ഷണക്കത്ത് തന്നെയാണോയെന്ന്  ഒരിക്കല്‍ക്കൂടി  ഉറപ്പുവരുത്തുക. സാധാരണ  തനിക്കും തന്റെ സഹപ്രവര്‍ത്തകന്‍  തേനിയുറുമ്പിനും എത്ര ആഗ്രഹിച്ചാലും ഒരു കൊലപാതകം അന്വേഷിക്കാനൊന്നും ആരും വിളിക്കാറില്ലായെന്നതാണ്. പക്ഷെ ഈ തവണ അത് സംഭവിച്ചിരിക്കുന്നു. ഇതതുതന്നെ, അത്തിമരത്തില്‍ താമസിച്ചു അത്തിപ്പഴം കഴിച്ചു വളര്‍ന്ന  വളഞ്ഞ വാലന്‍ കുരങ്ങിന്റെ മരണം അന്വേഷിക്കാന്‍ പച്ചവിരി മൃഗസമിതി തന്നെയും തേനിയുറുബിനേയും  ക്ഷണിച്ചിരിക്കുന്നു,

രണ്ടാമത്തെ കാരണം ആരാണ് മരിച്ചത് എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്താനായിരുന്നു, ഒറ്റകൊമ്പന്‍ കത്ത്  അവസാന വരിയും വായിച്ചു തീര്‍ന്നപ്പോള്‍ ആദ്യം വായിച്ച ഭാഗം മറന്നു പോയിരുന്നു. കുറച്ചു മറവിയുടെ പ്രശനം അയാളെ  അടുത്തകാലത്തായി സാരമായി ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഉറങ്ങി ഉണരുമ്പോള്‍ ...പിന്നീടു പതുക്കെ പതുക്കെ ഓര്‍മ്മകള്‍ തെളിഞ്ഞു തെളിഞ്ഞു വരും. അതോടൊപ്പം ഒരു കൊലപാതക കേസ് അന്വേഷിക്കാന്‍ ലഭിച്ചു എന്നാ സന്തോഷവും മുഖത്ത് തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

കത്ത് വീണ്ടും മറന്നു പോകും മുന്‍പ് തന്റെ പങ്കാളിയുടെ അടുത്ത് എത്തണം.തേനിയുറുമ്പിനെ  കണ്ടെത്തുക എന്നത് വല്ലാത്ത അന്വേഷണ വൈഭവം തന്നെ വേണ്ടയൊന്നാണ് . പ്രത്യേകിച്ച്  അവനു ജോലി ഒന്നുമില്ലാതെ നടക്കുമ്പോള്‍.. മിക്കവാറും കാണുന്ന തേന്‍കൂട്ടില്‍  കയറിയിറങ്ങി നടക്കുക എന്നതാണ് അവന്റെ പ്രധാന നേരമ്പോക്ക്. .അവസാനം ബോധം ഇല്ലാണ്ട് എവിടെങ്കിലും വീണു കിടക്കും.ബോധം തെളിയുകയും അണയുകയും ചെയ്യുന്നതിനിടയിലുള്ള തിരക്ക്പ്പിടിച്ചുള്ള ഓട്ടം മാത്രമായിരുന്നു അവന്‍റെ വര്‍ത്തമാനകാലം.

അങ്ങനെ ഒരു ദിവസം രണ്ടുതുള്ളി  അകത്തു ചെന്ന് തെക്കന്‍ കാറ്റിനെ  വെല്ലുവിളിച്ചങ്ങനെ നിക്കുമ്പോഴാണ്  ബോധം പോയത്,  പരന്നുകിടന്ന ഒരു ജല സ്രോതസ്സിലാണ് വീണത്‌, വെള്ളത്തില്‍ വീണപ്പോള്‍ പോയ ബോധവും കൂടെ വീണത്കൊണ്ട്  കൈയും കാലും ഇട്ടു അടിക്കാന്‍ പറ്റി., പക്ഷെ ചുറ്റോടു ചുറ്റും വെള്ളം കാരണം എങ്ങോട്ട് നീന്തണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു,അപ്പോഴാണ് തെക്കന്‍ കാറ്റ് വീണ്ടും വീശിയത്, ഇപ്പോള്‍ ബോധം ഇരട്ടിച്ചു. വെള്ളക്കെട്ടില്‍ നിന്ന് കരയിലേക്ക് ആണ് കാറ്റടിച്ചുകൊണ്ടിരുന്നത് എന്ന് മരത്തിനു മുകളില്‍ നിന്നപ്പോള്‍ അവന്‍ ശ്രദ്ധിച്ചിരുന്നു, അപ്പോള്‍ കാറ്റിനു അനുകൂലമായി  നീന്തുക. അവന്‍ വടക്കോട്ട്‌ നീന്തിത്തുടങ്ങി. പക്ഷെ എത്ര നേരം നീന്തണമെന്നറിയില്ല,

നീന്തലിന്റെ വേഗവും കണ്ണിന്റെ കാഴ്ചയും കുറഞ്ഞു കുറഞ്ഞു വന്നപ്പോഴാണ്  തന്റെ മുന്നിലേക്ക്‌  ഒരു ഇല വീഴുന്നത്, അത് ഒരു വേഴാമ്പലിന്റെ ധാനമായിരുന്നു.ഇല അവന്റെ മുന്നിലേക്ക് ഒരു ദ്വീപായി വിരിഞ്ഞു.  ഒരു തരത്തില്‍ അവന്‍ തന്റെ പുതിയ ജീവിതത്തിലേക്ക് എത്തിവലിഞ്ഞു കയറുകയായിരുന്നു,പക്ഷെ ഒരു നന്ദി വാക്കുപോലും കേള്‍ക്കാന്‍ നിക്കാതെ വേഴാമ്പല്‍ എങ്ങോട്ടോ പറന്നു പോയിരുന്നു,പിന്നെയുള്ള കുറച്ചു ദിവസങ്ങളില്‍ തേനിയുറുമ്പ്  തെളിഞ്ഞ ബോധത്തോടെ ആ വെള്ളക്കെട്ടിന് മുന്നില്‍ വന്നു നിക്കുമായിരുന്നു, പക്ഷെ വെള്ളകെട്ടിലെ വെള്ളം വേനല്‍ വറ്റിച്ചു കളഞ്ഞിട്ടും, മരം അവസാന ഇലയും പൊഴിച്ച് കളഞ്ഞിട്ടും വേഴാമ്പല്‍ എത്തിയതെയില്ല, തേനിയുറുമ്പ് പ്രതീക്ഷയുടെ  ഖനം കുറച്ചു വീണ്ടും പഴയ ബോധ അബോധ അവസ്ഥകളുടെ  വേലികള്‍ക്കിടയിലുള്ള  തിരക്കുപ്പിടിച്ച  ജീവിതത്തിലേക്ക്  മടങ്ങി. ഏതോ നേരത്ത്  ബോധം തെളിയുമ്പോള്‍   തന്റെ പങ്കാളിയുടെ പുറത്തു ഒരു കൊലപാതക കേസ്  അന്വേഷിക്കന്‍ പച്ചവിരി കാട്ടിലേക്ക് യാത്രയിലാകുമെന്നു അറിയാതെ.

പുലരുവാന്‍ ഇനി അധിക നേരമില്ലായെന്നു കിഴക്കേ ആകാശം പറഞ്ഞു തുടങ്ങി, ഒറ്റക്കൊമ്പനും തേനിയുറുമ്പും  പച്ചവിരി കാടിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴവക്കില്‍ എത്തി നില്‍ക്കുകയാണ്,. ഒരു സമൂഹത്തിലേക്കു അതിഥികളായി എത്തേണ്ടത് പകല്‍ വെളിച്ചം കൂടെ ഉള്ളപ്പോള്‍ ആവണം എന്താണ് കാടിന്റെ നിയമം, പുലരുന്നത് വരെ അവര്‍ പരസ്പരം സംസാരിച്ചത് തങ്ങളുടെ പുതിയ കേസിനെ പറ്റിയായിരുന്നു, ഇരുട്ടത്ത്‌ മറഞ്ഞിരിക്കുന്ന സത്യത്തിലേക്ക്  ചൂണ്ടാന്‍ അവര്‍ വെളിച്ചം കാത്തിരിക്കുന്നു,കിഴക്ക് ദിക്കില്‍ നിന്ന് വെളിച്ചം പുഴക്കൊപ്പം അവരുടെ അടുത്തേക്ക് ഒഴുകി എത്തി തുടങ്ങിയിരുന്നു,ഒപ്പം എവിടെയോ പൂത്ത് പൊഴിഞ്ഞു വീണ ചമ്പകപ്പൂക്കളും..അവര്‍ പുഴയ്ക്കു കുറുകെ നടന്നു തുടങ്ങി...പച്ചവിരിയിലേക്ക്....തങ്ങളെ തേടിയിരിക്കുന്ന  അറിയാത്ത ആഴങ്ങളിലേക്ക്..
(തുടരും .........)



No comments:

Post a Comment